Zeus And Leda Poem by Unnikrishnan Sivasankara Menon

Zeus And Leda

Leda

തൃഷ്ണയുണർത്തുന്നതിൻ സ്പർശ-
മതിൻ മിഴികളെന്നെ സ്വയമവയിലേക്കേ
വലിക്കുന്നൂ, എന്നിലലിയാൻ വെമ്പുമാ ദേഹ-
മെന്നിൽ പടർത്തീ നവാനലദാഹജ്വാല.

പോകെപ്പോകെ തിരിച്ചറിഞ്ഞൂ ഞാൻ
സാധാരണമാമൊരയന്നമല്ലത്,
തെറ്റീയെനിക്കത, ല്ലവൻ! അവനൊ-
രരയന്നമേയല്ല, പിന്നെയാരദ്ദേഹം?

ഹിരണ്മയമുജ്ജ്വലം തൂവൽ
വജ്രപ്രഭ തിളങ്ങും കൺകൾ
അനഘം മുഴങ്ങും ഘനസ്വര-
മിവ ചൊല്ലീ പുതുതാം കഥയൊന്ന്

അവൻതന്നധരങ്ങളെത്തിയെൻ കാതിൽ
മന്ത്രിച്ചൂ, 'ലിഡാ, സ്യൂസ് ഞാൻ!
നിൻ മിഴികളിലവിശ്വാസം കാണുന്നൂ
ഞാ, നെൻ ദേവസ്വരൂപമെടുക്കട്ടെ? '

'അരുത് ദേവാ', തേങ്ങിപ്പോയ് ഞാൻ
സ്പാർട്ടയിൻ മഹാരാജ്ഞി ഞാനന്യ-
പുരുഷനോടൊത്തു നൂൽബന്ധമറ്റു
കാണ്മതെങ്ങിനെ, സ്യൂസ് താനാകിലും?

'അവന്റെ പൊൻചിറകേറിപ്പറക്കണം
ഒളിംപസ് കൊടുമുടികൾക്കും മീതേ'
കാമമോഹിതമെൻ ഹൃദയം തുടിച്ചൂ
അവന്റേതായ്ത്തീർന്നിരിക്കുന്നു ഞാൻ.

2)

അവനുടെ കേവലസ്പർശത്താൽ പൂ-
ത്തുലഞ്ഞുവെൻ മനസ്സും ശരീരവും
അവന്നുടെ മധുരാധരങ്ങളെൻ
തേൻചുണ്ടുകളെത്തേടി വന്നു

വലനിബന്ധിതാംഗുലികൾ രചിച്ചൂ
കവിതയെൻ മേനിയിൽ പലവിധം
തൃഷ്ണയിലുരുകി ഞാനൊലിച്ചുപോ, -
യില്ലെനിക്കോർമ്മ മറ്റൊന്നും.

അതിരതത്താൽത്തളർന്ന്, വിവസ്ത്ര-
യായ്ക്കിടന്നൂ കുളക്കരയിൽ ഞാൻ,
വിരൽ പോലുമനക്കാനാകാതെ,
അലക്കിപ്പിഴിഞ്ഞ തുണിപോൽ.

തീവ്രാനുരാഗരണിതമവൻതൻ
സ്വരമൊന്നോർത്താൽ മതി,
വീണ്ടുമുണർന്നുപോകയായ്
ദാഹാനലനിൽ ദഹിക്കയായ് ഞാൻ

സ്വർണ്ണമയത്തൂവലണിക്കരങ്ങളാ-
ലവന്റെ പരിരംഭണത്തി-
ലൊതുങ്ങിയുണരാ, നുരുകാ-
നലിയാൻ വീണ്ടും കൊതിച്ചു ഞാൻ.

3)

ടിന്റേരിയൂസ് എൻ പതി
സ്പാർട്ടയിൻ സർവ്വാധിപതി
പല മാസങ്ങളായെന്നെ
സ്പർശിച്ചതേയില്ലവൻ

എനിക്ക് വേണമിന്നവനെ
മറക്കാനരുതാത്തൊരു രാ-
വവനു സമ്മാനിക്കണം, നാളെ
സംശയലേശമരുതരുതവന്ന്.

മദ്യപിച്ചവശനായ്ക്കിടപ്പാണവൻ
പെൺകളാൽച്ചുഴന്നു തൻ ഹരേമിൽ
അടിച്ചോടിച്ചേനവരെയെല്ലാം, സ്നേഹ-
സ്പർശങ്ങളാലുണർത്തിയവനെ ഞാൻ

മദ്യലഹരിയകന്നവൻ രതിലഹരിയി-
ലാറാടി പുലരുംവരെ, ഉറങ്ങാൻപോലു-
മനുവദിച്ചില്ലെന്നാൽ സ്യൂസാണവനെന്ന്
ചുമ്മാ ഭാവനക്കൊണ്ടു രസിച്ചു ഞാൻ.

നിനച്ചപ്പോഴെല്ലാമെത്തി സ്യൂസ്ദേവ-
നെന്നരികിൽ, എനിക്കു പ്രിയമാം
ഹംസാകൃതിയിൽത്തന്നെ, ഗർഭവതിയാ-
മെനിക്കേകി സ്വർഗ്ഗസമമാം രതിസുഖം.

4)

പ്രണയിച്ചൂ ഹംസത്തെ, ഞാനുറങ്ങീ-
യവന്നൊപ്പം, ഞാനുമിന്നൊരന്നമോ?
എന്തെന്നോ? മാസം പത്തു തികഞ്ഞു
ഞാൻ പ്രസവിച്ചു രണ്ടു മുട്ടകൾ! !

ആദ്യമോരണ്ഡം വിരിഞ്ഞുണ്ടായീ-
യിരട്ടക, ളൊന്നാൺകുട്ടി, മറ്റേതു പെണ്ണും
സ്യൂസിൻ തനിപ്പകർപ്പാണിരുവരും
മതിമറന്നൂ സന്തോഷത്താൽ ഞാൻ

നിനച്ച മാത്രയിലെത്തീയവ-
നെൻ സവിധത്തിൽ, ത്തൻ
കുഞ്ഞുങ്ങളെപ്പാർത്തഭിനന്ദിച്ചാ-
നവൻ പ്രണയാതുരൻ: "ദേവമാതാ! "

പോളിദ്യൂസസെന്നും ഹെലനെന്നും
പേർ വിളിച്ചാനവൻ തന്നരുമകൾക്ക്
സംശയലേശമെന്യേ സ്വീകരിച്ചാനെൻ പതി
രാജ്യലക്ഷ്മിക്കവകാശിയായല്ലോ!

ഇനിയൊരണ്ഡം വിരിഞ്ഞുരുവായി
വീണ്ടുമിരട്ടകൾ! ആർക്കുപിറന്നതിവർ?
എന്നുടെ ഭർത്താവാം ടിന്റേരിയൂസോ
ദേവദേവനാം സ്യൂസോ ജന്മമിവർക്കേകി?

ആൺകുഞ്ഞിന്ന് കാസ്റ്ററെന്നും
പെൺകുഞ്ഞിന് ക്ലിറ്റംനെസ്റ്റ്രയെന്നും
വിളിച്ചൂ പേരെൻ പതി, കുട്ടികൾ
നാൽവർക്ക് പിതാവെന്ന ഹർഷത്തോടെ.

5)

എങ്കിലുമെൻ തൃഷ്ണ മറ്റൊ-
ന്നെന്ന് തിരിച്ചറിഞ്ഞൂ ദേവൻ:
എൻ ശരീരമവന്റെ സ്പർശഹർഷാ-
തിരേകത്തിനായിക്കൊതിച്ചു,

സ്വർണ്ണത്തൂവലെഴും ബലിഷ്ഠ-
കരങ്ങൾ തന്നാലിംഗനത്തിലമർ-
ന്നുണരാനും, ഉയിരുലയുംവരെ
രതിതന്നുന്മാദം നുകരാനും.

എൻചുണ്ടുകളെത്തേടി വന്നൂ
പ്രണയമധുഭരമവന്നധരങ്ങൾ
ഞാനവന്റേതായി വീണ്ടും, എന്ന-
ല്ലെന്നേക്കുമായവനിലലിയുകയായി ഞാൻ.

Notes:
1) The poem is a soliloquy of Leda, the queen of Sparta
2) സ്യൂസ്: Zeus is the sky and thunder god in ancient Greek religion and mythology, who rules as king of the gods on Mount Olympus.
3) ദേവമാതാ: (Malayalam) mother of Gods
4) നവാനലദാഹജ്വാല: നവ (new) + അനല (someone/something that is never contented, hence in Sanskrit a synonym of ‘fire') + ദാഹ (yearning) + ജ്വാല (flame)
5) ഹിരണ്മയമുജ്ജ്വലം: ഹിരണ്മയം (golden) + ഉജ്ജ്വലം (bright or shining)
6) വലനിബന്ധിതാംഗുലികൾ: fingers (of feet) joined by web
7) തീവ്രാനുരാഗരണിതം: (of Zeus's voice) ringing with extreme love
8) പോളിദ്യൂസസ്: Polydeuces. In some versions, the name of Zeus's son with Leda is mentioned as Pollux.
9) ഹെലൻ: Helen of Sparta or Helen of Troy

Zeus And Leda
This is a translation of the poem The Swan And Me by UNNIKRISHNAN E S
Tuesday, December 12, 2023
COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
673 / 515
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success